Thursday, August 8, 2013

അപ്പുറമിപ്പുറം




പരിധിക്കിപ്പുറം എന്നോടുള്ള
നിന്റെ പ്രണയം
ഉപാധികളോടെ

പടികടത്തി എത്ര ദൂരെ
ഉപേക്ഷിച്ചു വന്നാലും
പിന്നെയും തിരിച്ചെത്തുന്ന
“മ്യാവൂ” ശബ്ദം

അപരിചിതമായ
ഏതാൾക്കൂട്ടത്തിനിടക്കും ഓടിവന്ന്
ഒഴിഞ്ഞ കോണുകളിലേക്ക്
കൈപിടിച്ച് കൊണ്ടുപോകുന്ന
ചിരസൌഹ്രുദം

മനസ്സിന്റെ അനന്തമായ
ആഴങ്ങളിലേക്ക് തുറന്നു
വച്ച ചില്ലുജാലകം
മേഘസഞ്ചാരങ്ങൾക്കുള്ള
പാരച്ചൂട്ട്
സൌന്ദര്യ വൈരൂപ്യങ്ങൾ
കാണിക്കുന്ന നിലക്കണ്ണാടി

പരിധിക്കപ്പുറം
ഏകാന്തതേ!
സെമിത്തേരിയിലാണ്
നിന്റെ ഏറ്റവും സുന്ദരമായ മുഖം
ഞാൻ കണ്ടത്
ഉപാധികളൊന്നുമില്ലാതെ
നിന്നെ പ്രണയിച്ചു നിൽക്കുന്നു
വലിയൊരു നിശ്ശബ്ദത

Friday, November 30, 2012

പ്രയാണനിയമാവലി



ടിക്കറ്റെടുത്തു പ്ലാറ്റ് ഫോമിൽ ട്രെയിനും കാത്തു നിൽക്കവേ
കണ്ണുടക്കിപ്പോയ് എഴുത്തിൽ മുമ്പിൽ വച്ചൊരു ബോർഡതിൽ
“എഞ്ചിൻ നിൽക്കാതെ യാത്രക്കാർ ഇറങ്ങുന്നാതാപൽക്കരം”
അനുശാസിപ്പതീവണ്ണം റെയിൽസ്റ്റേഷനധികൃതർ

ബോർഡുകൾക്കില്ലാ പഞ്ഞം അനുശാസനകളും തഥാ
എന്നിട്ടെന്തു നമുക്കൊക്കെ നിവരില്ലല്ലോ പട്ടി വാൽ
ഓടിക്കൊണ്ടിരിക്കെത്തന്നെ ചാടിയിറങ്ങുന്നൂ ചിലർ
ഓട്ടം നിലയ്ക്കുകിൽ‌പ്പോലും ഇറങ്ങുന്നില്ലല്ലോ ചിലർ

നിത്യമുള്ളോരിസർവ്വീസ്സിൽ കേറാൻ ധാരാളമാളുകൾ
എല്ലാവരും കയറുന്നതവരോർക്കുള്ള ക്രമങ്ങളിൽ
മുന്നിലെ ട്രാക്കിലായ് വന്നു വണ്ടി നിന്നു കിതക്കുന്നു
രണ്ടു മൂന്നു മിനിട്ടോളം നിൽ‌പ്പുണ്ടിതിനീ സ്റ്റേഷനിൽ

ചോപ്പു കാണുമ്പൊഴേ നിർത്താം പച്ച കാൺകിൽ കുതിക്കണം
പച്ചയും ചോപ്പുമാണല്ലോ പ്രയാണ നിയമാവലി
സിഗ്നൽപ്പച്ച ചിരിച്ചപ്പോൾ ലോഹസർപ്പം ചലിക്കയായ്
മെല്ലെയാ താളം മുറുകീ നേർത്തു നേർത്തൊരു മൂളലായ്

അജ്ഞാതനാണെനിക്കാ ഡ്രൈവർ എഞ്ചിൻ പായിക്കുവോനവൻ
എങ്കിലും ഞാനിരിക്കുന്നൂ വിശ്വാസത്തിന്റെ ബോഗിയിൽ
ഝടുതിയിൽ പിന്നോട്ടോടി മായുന്നു വാർപ്പു വീടുകൾ
മരങ്ങൾ പാടങ്ങൾ ഗ്രാമ വീഥികൾ, പുഴ, പട്ടണം

ആളുകൾ തിങ്ങുമീ സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കവേ
വിശപ്പിന്റെ വിളികൾ മുന്നിൽ ഘോഷയാത്രയിലെന്നപോൽ
അകലെ സിറ്റിയിലോഫീസിൽ ജോലിചെയ്യുന്ന സ്റ്റാഫുകൾ
മൊബൈലും ലാപ്പുമേന്തുന്ന സെയിൽസ് എക്സിക്കൂട്ടീവുകൾ

വിഷാദത്തിൻ ശ്രുതിയേറ്റി വിലാപസ്വരമാധുരി
പഴയ ഹാർമ്മോണിയം മീട്ടി തൂവുന്നൂ കൊച്ചു ഗായിക
പുസ്തകം വിൽക്കുവാൻ വന്നു പ്രസംഗിക്കുന്നു വേറൊരാൾ
പൊള്ളിയ വദനം കാട്ടി ഭിക്ഷ ചോദിപ്പു മറ്റൊരാൾ

നിശ്വാസം തിങ്ങുമീ സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കിലും
കാഴ്ച്ചയും കേൾവിയും കെട്ടിട്ടൊറ്റക്കാവുന്നു മാനസം
ദ്രുഷ്ടിയെത്താത്ത ദൂരത്തേ ക്കുറ്റുനോക്കിയിരിക്കവേ
മനസ്സിന്റെ മുറിപ്പാടിൽ അമ്ലംതേക്കുന്നിതോർമ്മകൾ

വേണ്ട ഓർക്കേണ്ട ഒന്നുമേ യാത്രയാവട്ടെ നോവുകൾ
പതിയെ കണ്ണുകൾ പൂട്ടി ഞാനിരുന്നു മയക്കമായ്

ഓടുന്ന വണ്ടിയിൽ നിന്നു ചാടാൻ കൊതിയില്ലെങ്കിലും
സ്റ്റേഷനെത്തുമ്പോളിറങ്ങി പ്പോകാതെ തരമെങ്ങനെ
അധികം നീളമില്ലാത്ത സമാന്തര പഥങ്ങളിൽ
കൂട്ടിമുട്ടാതെ പായുന്ന അന്ധവേഗങ്ങളല്ലി നാം
ഇമതല്ലി മിഴിക്കുമ്പോൾ തീർന്നുപോകുന്നു യാത്രകൾ
ഞാനിറങ്ങിലുമില്ലെന്നാകിലു മീ വണ്ടി നീങ്ങണം

എത്തി നിൽക്കുമ്പൊഴീസ്റ്റോപ്പിൽ ഞാനേയുള്ളൂ ഇറങ്ങുവാൻ
എല്ലാവരുമിറങ്ങിപ്പോയ് അവരോർക്കുള്ള സ്റ്റേഷനിൽ

Wednesday, November 21, 2012

മഹാകവി


മൃത്യുഭയത്തിൽ നിന്നത്രേ
പിറന്നീടുന്നു സാഹിതി
എങ്കിലാമൃത്യു താനല്ലേ
പൂജിക്കേണ്ട മഹാകവി


കരച്ചിലും ചിരിയും


കരച്ചിലും ചിരിയും

കാളത്തോലു മുറുക്കി കോലാൽ ചെണ്ട-
പ്പുറത്തടിക്കുമ്പോൾ
കേൾപ്പതു നാദപ്പെരുമഴയല്ലാ
രോദനമാണല്ലോ
കഴുത്തറുത്തു മുറിക്കെയുറക്കെ
കരഞ്ഞതാണല്ലോ
മുഖത്തു പൂശിമിനുക്കിയ ഫേസ്ക്രീം
തുടുപ്പു കാണുമ്പോൾ
അപൂർണ്ണഗർഭം കലക്കി ചേതന
യൊടുക്കിനീരൂറ്റി
അരച്ചു ചേർത്തൊരു മനുഷ്യഭ്രൂണം
ചിരിച്ചതായ് കാണ്മൂ

സമരം



മുദ്രാവാക്യം വിളിയില്ലല്ലോ
ജീവിതമെന്നൊരു സമരത്തിൽ
ധർണ്ണ കരിങ്കൊടി പ്രകടനമില്ല
ഹർത്താലില്ല മുടക്കില്ല
ആകെയുള്ളതൊരേകാംഗത്തിൻ
ആകുല ദുർബ്ബല പദയാത്ര
മരണം വന്നു തടുക്കുന്നേര
മറസ്റ്റുവരിക്കും കട്ടായം
വണ്ടിയിലേറിപ്പോകും പിന്നെ
ഓർമ്മകൾ നീളെ ജീവിക്കും

ഭിഷഗ്വരൻ


വലിച്ചു മുറുക്കുമ്പോൾ
ഭാഷയും സംഗീതമാം
ഞരമ്പിൽ തൊട്ടാൽ കേൾക്കാം
ആദിമ ശ്രുതി ധ്വാനം
ഭാഷയെസ്സംഗീതമായ്
മാറ്റുവോ നവനല്ലോ
വേദന ഗാനം പെയ്തു
കെടുത്തും ഭിഷഗ്വരൻ


ഇല്ല


ഇനിയില്ല നിതാന്തമൊഴുക്കിൻ
സുഖശീതള സ്വച്ഛത, പകരം
ഗതിയറ്റൊരു പുഴയൊന്നിവിടെ
മൃതി തീണ്ടി മരിക്കുന്നുണ്ട്
നിലവിളിയുണ്ടുലയുണ്ടുള്ളിൽ
ഉലയൂതിയ കനലുണ്ടുള്ളിൽ
കനവെരിയുന്നുയരുന്നെന്നിൽ
മുറിവേറ്റു മുടന്തും താളം
ഉടലെരിയുന്നുയിരറിയുന്നീ
മൃതിയേറ്റു മടങ്ങും താളം
പുഴയില്ലെന്നുള്ളിൽ തുടരൻ
ഉത്സവമില്ലുൾവിളിയില്ല
തുടിയില്ല തുഴപ്പാടില്ല
കടവില്ല കടപ്പാടില്ല
കടവില്ല കടപ്പാടില്ല

Saturday, November 10, 2012

എങ്ങനെ?


ഇത്തിരി സംഗീതമില്ലാതെയോമനേ
നീയാകുമീരടിമൂളുന്നതെങ്ങനെ
ഇത്തിരി വർണ്ണം കടുപ്പിച്ചു ചേർക്കാ‍തെ
ജീവനേ നിന്നെ വരക്കുന്നതെങ്ങനേ
ഉളികോറി നിന് മേനി കൊത്തി നോവിക്കാതെ
ഉള്ളിലെ ശില്പമുണർത്തുന്നതെങ്ങനെ
ഒത്തൊരു മാരിവിൽ കാണാതെ പീലികൾ
നീർത്തിപ്പിടിച്ചുഞാനാടുന്നതെങ്ങനെ
ഇത്തിരിയെങ്കിലും മാനത്തു പാറാതെ
ഞാൻ നിന്റ്റെ കൊമ്പത്തിരിക്കുന്നതെങ്ങനെ
ഇത്തിരി പൂമ്പൊടി ചുണ്ടിൽ പുരട്ടാതെ
നിൻ മകരന്ദം കുടിക്കുന്നതെങ്ങനെ
സൂര്യനെ ധ്യാനിച്ചു കൂമ്പിനിൽക്കാതെഞാൻ
പെട്ടന്നു പൊട്ടിവിടരുവതെങ്ങനെ
അല്പംചിരിച്ചു കളിക്കാതെയൂഴിയിൽ
വാടിക്കൊഴിഞ്ഞുവീഴുന്നതുമെങ്ങനെ
നിന്നിൽത്തിളച്ചുയർന്നാകാശമെത്താതെ
നിൻ നെഞ്ചിലേക്കുപെയ്തൊഴിയുന്നതെങ്ങനെ
തിങ്ങുമിരുൾപ്പുഴനീന്തിക്കടക്കാതെ
പുത്തനുഷസ്സിനെ പറ്റുന്നതെങ്ങനെ
ഇത്തിരി വല്ലതും കുത്തിക്കുറിക്കാതെ
നെഞ്ചിലെക്ഷോഭമൊതുക്കുന്നതെങ്ങനെ


Saturday, November 3, 2012

ഈ പുഴയുടെ ഒരു കാര്യം!



ഒഴുക്കില്ല
ആഴമില്ല
പരലില്ല
കടത്തില്ല

അല്ലാ ഈ പുഴ പിന്നെന്തിനാ

വയറൻ ലോറികൾക്ക്
മൂക്കു മുട്ടെ മണലു തിന്നാനോ
(തിന്ന മണൽ വിലങ്ങനെ കുത്തിയ
ഒരു വയറനാ നമ്മുടെ ബിനീഷിന്റെ
ബൈക്ക് പപ്പടമാക്കിയത്
അവന്റെ തലച്ചോറ് റോട്ടിൽ
കാക്കകൾക്ക് വിളമ്പിയത് )

ട്രെയിനുകൾക്ക് തലങ്ങും വിലങ്ങും
പാ‍യാൻ പാകത്തിൽ
വയസ്സൻ പാലത്തിനു
ചവിട്ടി നിൽക്കാനോ

ഓ ഇപ്പൊ മനസ്സിലായി
പാലത്തിനടിയിലിരുന്ന്
വെള്ളമടിക്കാനല്ലേ
ഉച്ചക്കും വൈകീട്ടും
മുച്ചീട്ടു കളിക്കാനല്ലേ

അല്ലെങ്കിൽ പോട്ടെ
അതുകൊണ്ടല്ലേ
ആയിഷയിത്തയും
ലീലേച്ചിയുമൊക്കെ
ഇരുട്ടിക്കഴിഞ്ഞാൽ
ഈ വഴി വരുന്നത്

അവരുടെ മക്കളും പുത്തൻ
മൊബൈൽ ഫോണുകളിൽ
കളിക്കുന്നത്

ഒഴുക്കൊന്നും വേണ്ട
അധികം ആഴവും വേണ്ട

Sunday, October 28, 2012

ബാന്ധവം




നക്ഷത്ര ഖചിതേ രാവേ
കടന്നിങ്ങോട്ടിരിക്കുക
ഏറെ നേരം കാത്തു നിന്നു
തളർന്നോ പദതാരുകൾ
നിന്റെ യീ മേനിയിൽ തള്ളി
തുളുമ്പും ദിവ്യ യൌവ്വനം
ക്ഷണിപ്പൂ ഉത്സവത്തിന്നായ്
വരൂ നീ നിശാദേവതേ

എന്റെ യീ കാവ്യഗാരത്തിൻ
വാതിലും ജാലകങ്ങളും
വെക്കം കൊട്ടിയടക്കട്ടെ
കട്ടിലിൽ നീയിരിക്കുക
ഉണരുന്നു വികാരത്താൽ
അന്തരിന്ദ്രിയ ചോദന
അഗ്നിയേറ്റുന്നു ബോധത്തിൽ
അളവാർന്നൊരു പെണ്ണുടൽ

താഴ്ത്തി വെക്കട്ടെ വേഗം ഞാൻ
എന്റെ ചിന്താ ചിരാതുകൾ
സംഭ്രമിപ്പിക്കുന്നുവല്ലോ
നിന്റെ മുല്ലച്ചിരിക്കനം
മേനികൂട്ടുവാനല്പം തീ
പകർന്നൂ ഞാൻ സിരകളിൽ
മദിപ്പിക്കുന്നു മദ്യത്തിൻ
മുഗ്ദമാദക ചുംബനം

നിന്റെ യീ മേനിയിൽ തള്ളി
തുളുമ്പും ദിവ്യ യൌവ്വനം
നിലാവാടയഴിക്കാം ഞാൻ
എന്തു നീ കണ്ണടച്ചുവോ
മെല്ലെയെൻ കൈകളാൽ പുൽകി
ചേർത്തു നെഞ്ചോടണക്കവേ
നക്ഷത്ര ഖചിതേ നിന്റെ
വാർകുഴൽ ഗന്ധമേറ്റുവോ
അതിൽ നീന്തി രമിക്കുന്നോ
ഞാനുമെന്നനുഭൂതിയും
കാവ്യഗാന സരിത്താർന്നോ
രെന്നിലെ നിത്യ കാമുകൻ
എന്നെയാകെ ഗ്രസിക്കുന്നു
നിന്റ്റെ കണ്ണിന്റെ നീലിമ
എന്റെ പച്ചപ്പു തേടുന്നു
നിന്നിലെ കാട്ടു വള്ളികൾ

മസ്തിഷ്കത്തിലുലാവുന്നു
വാസന്ത പുളകോദ്ഗമം
വർണ്ണ വിസ്ഫോടനം തീർത്തൂ
മഴവില്ലു മുറിഞ്ഞ പോൽ
മഹാധമനിയിൽ തിങ്ങി
ഗർജ്ജിപ്പൂ രക്ത്ത വന്യത
മാംസബിന്ദുക്കളിൽ കൊട്ടീ
ആദിതാളലയങ്ങളായ്

നീണ്ടു പോം പാതകൾ തന്നെ
കാമദത്തിരമാലകൾ
വേലിയേറ്റങ്ങളും പിന്നെ
ഇറക്കങ്ങളുമൊന്നു പോൽ
അജ്ഞാത മൊരാനന്ദത്താൽ
ആത്മാവു മദിക്കവേ
കലാശക്കൊട്ടു തീരുന്നു
ഒഴിഞ്ഞൂ രംഗവേദിക

മന്ദ്ര മാധുര്യാലസയാൽ
മയങ്ങിപ്പോയൊട്ടു ഞാൻ
ഉണർന്നെണീറ്റപ്പോഴേക്കും
പുലർന്നേറെക്കഴിഞ്ഞു പോയ്

Sunday, August 12, 2012

ഹാങ്ങ്






മൗസ് ക്ലിക്കുകളിൽ നിന്ന്
രക്തമുതിരുന്നു
യു ട്യൂബിൽ അവസാനം കണ്ട
വീഡിയോ ഫയൽ
ലൈവ് കൊലപാതകത്തിന്റെ
അതും
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട
ഏകഛത്രാധിപതിയുടെ

നീ ബന്ധം വിഛേദിക്കുന്നു

കീബോർഡിലെ ലിപിക്കട്ടകളിൽ നിന്നു
പറന്നു പൊങ്ങിയ
പ്രണയത്തുമ്പികൾ
ചത്തുവീഴുന്നു

ചാറ്റ് റൂമുകളിൽ
മൗനം വെറുങ്ങലിക്കുന്നു

സ്വപ്നങ്ങൾ ഡെസ്ക്ടോപ്പിൽ
നിന്നു ത്രാഷ് ചെയ്യപ്പെടുന്നു

കണക്റ്റിവിറ്റി നഷ്ടപ്പെട്ട്
മെമ്മറി കറപ്റ്റ് ചെയ്യപ്പെട്ട്
ഞാൻ സ്ലോ ആകുന്നു

ഇനി കണ്ട്രോൾ+ആൾട്ട്+ഡിലീറ്റ്

തരിപ്പ്




ആശങ്കതൻ കരിപൂശിയിജ്ജീവിതം
ആടിത്തിമിർക്കുന്ന നേരം

ആകുലമേതോവരണ്ടകാലത്തിന്റെ
തോറ്റങ്ങളേ കേൾപ്പൂ ചുറ്റും

കേവലം കൊറ്റിനായേതോകിനാക്കിളി
കൊക്കുനീട്ടിക്കരയുന്നു

സ്വച്ഛന്ദസഞ്ചാരിയാമൊരു പേടമാൻ
തോക്കിൻ നിഴൽ കുടിക്കുന്നു

പൂക്കില്ല പൂക്കാതെ മൊട്ടുകൾ ഞെട്ടറ്റു
മുറ്റത്തു പൊട്ടിവീഴുമ്പോൾ

കേഴില്ല കേഴാതെ തൊണ്ടയിൽത്തന്നെയീ
ശബ്ദം മരിച്ചുവീഴുമ്പോൾ

മൗനം പുതച്ച് മനസ്സും തളർന്നൊരെൻ
ജന്മം തരിച്ചിരിക്കുന്നു

കവനകൗമുദി